ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഏക എംപി സീറ്റ് നഷ്ടമായി. എഎപിയുടെ സിറ്റിങ് സീറ്റായ സങ്‌രൂര്‍ മണ്ഡലത്തില്‍ ശിരോമണി അകാലിദളിന്റെ സിമ്രന്‍ജിത് സിങ് വിജയിച്ചു. ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. മികച്ച വിജയമാണെന്നും സന്തോഷമുണ്ടെന്നും സിമ്രന്‍ജിത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലം ബിജെപി കീഴടക്കി. സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായ അസംഘഡില്‍ ബിജെപി അട്ടിമറി മുന്നേറ്റം കാഴ്ചവച്ചു. അവസാനം പുറത്തുവന്ന കണക്കു പ്രകാരം, ബിജെപിയുടെ ദിനേഷ് ലാല്‍ യാദവ് നിരാഹുവ 15,000വോട്ടിന് മുന്നിലാണ്. എസ്പി സ്ഥാനാര്‍ത്ഥി ധര്‍േന്ദ്ര യാദവ് ആദ്യഘട്ടത്തില്‍ ലീഡ് നേടിയെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. അഖിലേഷ് യാദവ് (അസംഗഡ്), മുഹമ്മദ് അസം ഖാന്‍ (റാംപുര്‍) എന്നിവര്‍ യുപി നിയമസഭാംഗങ്ങളായതോടെയാണ് ഇവിടെ ഒഴിവുവന്നത്.

ആറു സംസ്ഥാനങ്ങളിലെ ഏഴു മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും വിജയിച്ചു. ജുബരജ് നഗര്‍, ടൗണ്‍ ബോര്‍ഡോവലി, അഗര്‍ത്തല, സുര്‍ന എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ടൗണ്‍ ബോര്‍ഡോവലി മണ്ഡലത്തില്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ 6,000 വോട്ടുകള്‍ക്ക് വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *