ലോകോത്തര നിലവാരത്തിലുള്ള ക്ഷേത്ര മ്യൂസിയം നിർമ്മിക്കാനുള്ള പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. 650 കോടി രൂപ ചെലവിൽ അയോധ്യയിൽ ആണ് മ്യൂസിയം ഒരുക്കുക.രാജ്യത്തിന്റെ പൌരാണിക സംസ്‌കാരവും ആധുനിക സാംസ്കാരിക തനിമയും സംയോജിപ്പിച്ചായിരിക്കും മ്യൂസിയത്തിന്റെ നിർമാണം. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ടാറ്റ ഗ്രൂപ്പ് മ്യൂസിയം ഒരുക്കുക. ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് 25 ഏക്കർ സ്ഥലം പദ്ധതിക്ക് സൗജന്യമായി നൽകും. ഈ സ്ഥലം 90 വർഷത്തേക്ക് ഒരു രൂപ പാട്ടത്തിനുമായിരിക്കും നൽകുക. ലഖ്‌നൗവിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അയോധ്യയിൽ ക്ഷേത്ര മ്യൂസിയം എന്ന നിർദേശത്തിന് അംഗീകാരം ലഭിച്ചത്.തീർത്ഥാടന വിനോദസഞ്ചാരം സംസ്ഥാനത്ത് മികച്ച രീതിയിൽ മുന്നേറുന്ന സാഹചര്യത്തിൽ ഇവിടെയെത്തുന്ന സന്ദർശകലെ ആകർഷിക്കുന്നതിന് മ്യൂസിയം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ഇതിൽ വേദങ്ങൾ, രാമായണം, ക്ഷേത്രാരാധനാ സമ്പ്രദായം, അവയുടെ ഉത്ഭവം, സംസ്‌കാരം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങളും മ്യൂസിയത്തിൽ ലഭ്യമാക്കും. ഇന്ത്യയിലെ എല്ലാ പുരാതന ക്ഷേത്രങ്ങളും ക്ഷേത്ര മ്യൂസിയത്തിലൂടെ അയോധ്യയിൽ കാണാൻ കഴിയും. ജനുവരി 22 ന് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് മുതൽ പ്രതിദിനം 2-4 ലക്ഷം വിനോദസഞ്ചാരികൾ അയോധ്യ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.ക്ഷേത്ര മ്യൂസിയം നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയവും യുപി സർക്കാരും ടാറ്റ സൺസും ചേർന്ന് ധാരണാപത്രം ഒപ്പിടും. ലഖ്‌നൗ, പ്രയാഗ്‌രാജ്, കപിൽവാസ്തു എന്നിവിടങ്ങളിൽ പിപിപി മാതൃകയിൽ ഹെലിപാഡുകൾ നിർമ്മിച്ച് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *