ഇന്ന് കാർഗിൽ വിജയ ദിനം. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്നേക്ക് 23 വർഷം.രാജ്യത്തിന് അഭിമാന ദിവസമാണ് കാർഗിൽ വിജയ് ദിവസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട് എന്നും മോദി ട്വിറ്ററിൽ കുറിച്ചു.പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരെ അനുസ്മരിച്ചു. ദില്ലിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ രാജ്‍നാഥ് സിങ് പുഷ്പചക്രം അർപ്പിച്ചു.

ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണ്ണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം.

16,000 മുതൽ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച ശത്രുസൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താൻ തോറ്റ് പിൻമാറുകയായിരുന്നു. കാർഗിൽ മഞ്ഞുമലയുടെ മുകളിൽ ഭാരതത്തിന്റെ മൂവർണ്ണ കൊടി പാറി. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധത്തിൽ 1999 ജൂലൈ 14 ന് ഇന്ത്യ പാകിസ്താന്റെ മേൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.

പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു.ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *