ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നതിനു പിന്നാലെ, ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനമാണെങ്കിലും, കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇവിടെ വിഷമദ്യം കഴിച്ചു മരിച്ചത് 845ല്‍ അധികം പേരാണെന്ന് ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി.
‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര് മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടം, പക്ഷെ മദ്യവില്പന പരസ്യമായി നടക്കുന്നു. ആരുടെ കീശയിലേക്കാണ് ഈ പണം പോകുന്നത്?’, എംഎല്‍എ പറഞ്ഞു.
ഗുജറാത്തില്‍ വ്യാജമദ്യ കച്ചവടം തഴച്ചുവളരുന്നതുപോലെ, ഡല്‍ഹിയിലും സമാനമായ വ്യവസായം പച്ചപിടിച്ചു കാണണമെന്നാണ് ചിലരുടെ ആഗ്രഹമെന്ന് അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയിലെ പുതിയ മദ്യനയം വിവാദമാകുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്.ഗവര്‍ണര്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
”ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതു മുതല്‍ ഈ ആളുകള്‍ വളരെ അസ്വസ്ഥരാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യക്കടകള്‍ക്ക് പൂട്ടിട്ട്, വ്യാജമദ്യ വില്പന തഴച്ചുവളരണമെന്നാണ് ഇവരുടെ ആഗ്രഹം. ഡല്‍ഹിയില്‍ നിലവില്‍ 468 വൈന്‍ ഷോപ്പുകളുണ്ട്. അത് മുന്പത്തേക്കാള് കുറവാണ് എന്നതാണ് വസ്തുത’ ഭരദ്വാജ് ചൂണ്ടിക്കാട്ടി.
അതേസമയം, വിഷമദ്യദുരന്തത്തില്‍ 28 പേര് മരിച്ചതോടെ ഗുജറാത്ത് പോലീസ് 302-ാം വകുപ്പനുസിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
