പാരീസ്: ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്കു നേരെ ആക്രമണം. പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് പാരീസിലെ റെയില്‍ ശൃംഖല തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നത്. തങ്ങളുടെ അതിവേഗ ശൃംഖലയെ ലക്ഷ്യം വെച്ച് ആക്രമണം നടന്നുവെന്നത് റെയില്‍ കമ്പനിയായ എസ്.എന്‍.സി.എഫ് സ്ഥിരീകരിച്ചു.
ആക്രമണം പാരീസിലെ അതിവേഗ ട്രെയിന്‍ സര്‍വീസിനെ ഗുരുതരമായി ബാധിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.യൂറോസ്റ്റാര്‍ സര്‍വീസുകള്‍ പാരീസിലേക്കും തിരിച്ചും വഴിതിരിച്ചു വിട്ടു. നിരവധി ട്രെയിനുകള്‍ വൈകുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കായിക മന്ത്രി അമേലി ഔഡിയ കാസ്റ്റെറ ആക്രമണത്തെ അപലപിച്ചു.
പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24നാണ് ഒളിമ്പിക്‌സ് ഉദ്ഘാടനം. ഇക്കുറി തുറന്ന വേദിയിലാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനം നടക്കുന്നത്.