ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിലേക്ക് പോകാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിന് കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘എത്ര സ്ഥലങ്ങളില്‍ പോകുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കുക? എല്ലാക്കാലവും നിങ്ങള്‍ക്കെന്നെ തടയാനാവില്ല’-മമത ബാനര്‍ജി പറഞ്ഞു. ഭബാനിപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ‘മമതയുടെ പരാമര്‍ശം. തനിക്ക് വിലക്കേര്‍പ്പെടുത്തയത് കേന്ദ്രസര്‍ക്കാരിന്റെ അസൂയകൊണ്ട് മാത്രമാണെന്ന് മമത ബാനര്‍ജി ആക്ഷേപിച്ചു. റോമില്‍ നടക്കുന്ന ലോകസമാധാന സമ്മേളത്തില്‍ പങ്കെടുക്കാന്‍ മമതാബാനര്‍ജിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുഖ്യമന്ത്രി ഇത്തരം സമ്മേളനത്തില്‍ പങ്കെടുക്കുന്നത് അനുചിതമെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയും മമതയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ള ഒരേയൊരു നേതാവാണ് മമത ബാനര്‍ജി. മമതയുടെ സാമൂഹ്യ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് ക്ഷണത്തെ വിലയിരുത്തിയിരുന്നത്. സമ്മേളന വേദിയില്‍ പ്രഭാഷണം നടത്താനും മമതയ്ക്ക് അവസരം ലഭിച്ചിരുന്നു.

‘വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് താതപര്യമില്ല. പക്ഷേ, ഇത് രാഷ്ട്രത്തിന് ലഭിച്ച ബഹുമാനമായിരുന്നു. പ്രധാനമന്ത്രി ഹിന്ദുക്കളെ കുറിച്ച് നിരന്തരം സംസാരിക്കുന്നു. ഞാനും ഒരു ഹിന്ദു സ്ത്രീയാണ്. എന്തുകൊണ്ടാണ് എന്നെ പോകാന്‍ അനുവദിക്കാത്തത്? നിങ്ങള്‍ക്ക് അസൂയയാണ്.’ മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *