രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.​അശോക് ​ഗെലോട്ട് കോൺ​ഗ്രസ് അധ്യക്ഷനാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചയാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കോൺ​ഗ്രസ് നേതൃത്വത്തിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് താല്പര്യം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതിനോട് ​ഗെലോട്ടിന് താല്പര്യമില്ല.രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് കെ സി വേണുഗോപാലിനോട് പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎൽഎമാരെ കണ്ട് അഭിപ്രായം തേടുന്നു. ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാകക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎൽഎമാരുടെ ആവശ്യം. ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റാകുന്ന ഒഴിവിൽ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 90 എംഎൽഎമാർ രാജിഭീഷണി മുഴക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ടെത്തി ചർച്ച നടത്തണമെന്നു ചിലർ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു.രാജസ്ഥാനിൽ കാര്യങ്ങൾ വഷളാക്കിയ ഗെലോട്ടിനെ പരിഗണിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഹൈക്കമാൻഡ് അപമാനിക്കപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *