രാജസ്ഥാനിലെ എംഎൽഎമാരുടെ രാജിഭീഷണിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കോൺ​ഗ്രസ് നേതാക്കൾ.വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് കേന്ദ്രനിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. ഗെലോട്ട് പക്ഷത്തിന്റെ കടുംപിടുത്തത്തില്‍ സോണിയയും രാഹുലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്നാണ് ഗെലോട്ട് പക്ഷത്തുള്ള എംഎല്‍എമാരുടെ നിലപാട്. മുതിർന്ന നേതാക്കളായ അജയ് മാക്കനെയും മല്ലികാർജുൻ ഖാർ​ഗെയെയുമാണ് സോണിയാ ​ഗാന്ധി രാജസ്ഥാനിലെ എംഎൽഎമാരോട് സംസാരിക്കാൻ നിയോ​ഗിച്ചത്. ഇരുവരെയും നേരിൽക്കാണുന്നതിന് പോലും എംഎൽഎമാർ നിബന്ധന വച്ചതോടെയാണ് ഇത് കടുത്ത ധാർഷ്ട്യമാണെന്ന് നേതാക്കൾ വിലയിരുത്തിയത്.എംഎല്‍എമാര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണാന്‍ കൂട്ടാക്കുന്നില്ലെന്നും, ഒരുമിച്ചാണ് കണ്ടതെന്നും അജയ് മാക്കന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് കടുംപിടുത്തം തുടരുന്ന എംഎല്‍എമാരുടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും മാക്കന്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റാകുന്നതിന് സ്ഥാനം ഒഴിയുമ്പോള്‍, മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കണമെന്ന് സോണിയാഗാന്ധി നേരിട്ട് അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *