തന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടി കാലുകള്‍ നഷ്ടപ്പെടുത്തിയ അശ്വതിചേച്ചിയെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടിയ രാഹുലിന്റെ ‘ലവ് സ്റ്റോറി’യാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം. പ്രായം കൊണ്ട് അഞ്ച് വയസിന് മൂത്ത അശ്വതി ചേച്ചിയെ ഒരുപാട് കടമ്പകൾ കടന്നാണ് ജീവിതത്തിലേക്ക് കൂട്ടുന്നതെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഈ കഥ തുടങ്ങുന്നത്. അശ്വതി ചേച്ചി വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകളാണെന്നും ജാതിയിൽ താഴ്ന്നവളാണെന്നും സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവരാണെന്നും കഥയിലുണ്ട്. ഒറ്റ വായനയില്‍ സത്യമാണെന്ന് തോന്നുന്ന ഈ അനശ്വര പ്രണയകഥ സത്യമാണോ, അതോ നുണയാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയന്നുവന്നു. മലയാളികളിലേറെയും ഈ കഥ വിശ്വസിച്ചു എന്നതാണ് വാസ്തവം.
മണിക്കൂറുകൾ കൊണ്ടുതന്നെ ആശംസകളുടെ പ്രവാഹമാണ് പോസ്റ്റിന് താഴെയുള്ളത്. 18 മണിക്കൂര്‍കൊണ്ട് 100,000 ലൈക്കുകളും16,000 കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 3,700പേര് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ സിനിമാ കഥകളെ വെല്ലുന്ന ഈ പ്രണയകഥ വ്യാജമാണ്. രാഹുലോ അശ്വതി ചേച്ചിയോ യഥാര്‍ഥത്തില്‍ ഇല്ല. പോസ്റ്റില്‍ പങ്കുവെച്ച ചിത്രം എഐ ടൂളുപയോഗിച്ച് തയ്യാറാക്കിയതാണ്.ഈ ചിത്രം ഫേക്കാണെന്ന് എഐ ചെക്കിങ് ടൂളുകള്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം സത്യമല്ലെന്നും എഐ കാലമാണിതെന്നും ആരെയും ആര്‍ക്കും എളുപ്പത്തില്‍ പറ്റിക്കാമെന്നും മനസിലാക്കുന്ന ഉദാഹരണമാണ് അശ്വതി ചേച്ചിയുടെയും രാഹുലിന്റെയും കഥ.
പ്രചരിക്കപ്പെട്ട ഫേസ്ബുക്ക് കുറിപ്പ്:
“എന്റെ ജീവന് രക്ഷിക്കാന്‍ തന്റെ കാലുകള്‍ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവള്‍, ഇരുകാലുകളും നഷ്ടപ്പെട്ടവള്‍, വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയുടെ മകള്‍ , ജാതിയില്‍ താഴ്ന്നവള്‍, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവര്. അങ്ങനെ ഒരുപാട് കടമ്പകള്‍ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്.
എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകള്‍ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടില്‍ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്കൂളില്‍ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മള് രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.
അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്കൂളില്‍ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാന്‍. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാന്‍ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നില്‍ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാല്‍ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലന്‍സ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളില്‍ കൂടി ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.
അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാന് അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടില്‍ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓര്‍മയുണ്ട്. എന്നെക്കണ്ടാല്‍ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാള്‍ക്ക് ശേഷം അച്ഛനുമൊത്ത് വീല്‍ചെയര്‍ കൊടുക്കാന്‍ പോയതും എനിക്ക് ഓര്‍മയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാന്‍ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാന്‍ പതിയെ ചേച്ചിയെ മറന്നു.
പിന്നീട് ഞാന്‍ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജില്‍ ചേരാന്‍ നില്ക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീല്‍ ചെയര്‍ ചേച്ചിക്ക് സമ്മാനമായി നല്കി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേര്‍ത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാന്‍ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കല്‍ ഞാന്‍ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരില്‍ ജോലിയൊക്കെയായി അങ്ങോട്ട് മാറിയപ്പോഴും ചേച്ചിയുമായി ഞാന്‍ കോണ്ടാക്ട് വെച്ചിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ ചേച്ചിയെ കാണാന്‍ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.
അങ്ങനെ ഒരിക്കല്‍ ഞാന്‍ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകള്‍ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റര്‍ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാന്‍ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളര്‍ത്തിക്കളഞ്ഞു.
എനിക്ക് അപ്പോള്‍ ചേച്ചിയെ കാണണമെന്ന് തോന്നി ഞാന്‍ ഉടന്‍ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായില്ല, ഫോണ്‍ വിളിച്ചപ്പോള്‍ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാന്‍ നേരേ അങ്ങോട്ട് പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളില്‍ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാന്‍ കഴിഞ്ഞു.
അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മള് കുറേ നേരം സംസാരിച്ചു. എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങള് ഉള്‍പ്പടെ പല കാര്യങ്ങളും നമ്മള് സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവില്‍ ഞാന്‍ അങ്ങോട്ട് ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോള്‍ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു.
”ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവില്‍ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തില്‍ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തില്‍ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് ചേച്ചിക്ക് മനസ്സിലായി. അതൊന്നും ശെരിയാകൂലഡാ നീ അത് വിട് എന്ന് പറഞ്ഞ് കൊണ്ട് പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ച് നിര്‍ത്തി നല്ലോണം ആലോചിച്ചിട്ട് എനിക്കൊരു മറുപടി തരണമെന്ന് പറഞ്ഞു വിട്ടു.
ചേച്ചി പലതവണ പല കാര്യങ്ങള്‍ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് പണയം വെക്കാന്‍ തയ്യാറായ അഞ്ചാം ക്ലാസ്സുകാരിയെക്കാള്‍ നല്ലൊരു പെണ്ണിനെ എനിക്ക് വേറെ കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. ഒടുവില്‍ ചേച്ചി സമ്മതം മൂളിയെങ്കിലും കടമ്പകള്‍ ഒരുപാട് ഉണ്ടായിരുന്നു.
എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു ബന്ധുക്കളെ സമ്മതിപ്പിക്കാന്‍. അതിനേക്കാള്‍ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാന്‍. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മള്. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും. എന്റെയുള്ളില്‍ ജീവന് ഉള്ളിടത്തോളം കാലം ഞാന്‍ ചേച്ചിയെ ചേര്‍ത്ത് പിടിക്കും.”
