ഗവ. മെഡിക്കല്‍ കോളജിലെ ടെര്‍ഷ്യറി കാന്‍സര്‍ സെന്ററില്‍ സ്ഥാപിച്ച രണ്ടാമത്തെ സൗരോര്‍ജ ശീതീകരണ സംഭരണി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷനായി. എംഎല്‍എ ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ ചെലവിട്ട് അനര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ശീതീകരണ യൂണിറ്റിന് 5 മെട്രിക് ടണ്‍ സംഭരണ ശേഷിയുണ്ട്. മേല്‍ക്കൂരയില്‍ ഘടിപ്പിച്ച 6 കിലോവാട്ട് സൗരോര്‍ജ പാനലുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന് രണ്ടു ദിവസം വരെ തുടര്‍ച്ചയായി 4 മുതല്‍ 8 ഡിഗ്രി വരെ താപനില നിലനിര്‍ത്താനാകും.

കംപ്രസര്‍, ഇവോപ്രേഷന്‍ യൂണിറ്റ്, തെര്‍മല്‍ സ്റ്റോറേജ് സിസ്റ്റം എന്നിവ ഉള്‍പ്പെടെ സ്റ്റോറേജ് കപ്പാസിറ്റിയുള്ള സംഭരണിയുടെ ഉള്ളില്‍ റാക്കുകള്‍ തീര്‍ത്ത് അതിലാണ് വാക്‌സിനുകള്‍ സൂക്ഷിക്കുന്നത്. അര്‍ബുദ ചികിത്സക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കൃത്യമായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഗുണനിലവാരം കുറയുകയോ ഉപയോഗരഹിതമാവുകയോ ചെയ്യും. ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് സൗരോര്‍ജ ശീതീകരണ സംഭരണിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ ജി സജിത്ത്കുമാര്‍, സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, ഗവ. ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൗമിത്രന്‍, അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ ഇ ആര്‍ അമല്‍ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *