പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. ഇറാൻ മുന്നോട്ടുവെച്ച മൂന്നിന സമാധാന ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന. നവംബറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇറാന് എതിരായ ആക്രമണം കടുപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ. ഇറാൻ ഇന്നലെ മുന്നോട്ടുവച്ച ഏഴ് ദിന സമാധാന പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്.

വിഷയത്തിൽ ട്രംപിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാക്കുകയാണെന്ന് ഇറാൻ പ്രതികരിച്ചു. മധ്യസ്ഥരാജ്യമായ ഖത്തറിലൂടെയാണ് ഹോർമുസ് തുറക്കുന്നതിനും തുടർചർച്ചകൾക്കുമായി ഇന്നലെ ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവച്ചത്. ലെബനോൺ വിവിധ മേഖലകളിലുള്ള സംഘർഷം അവസാനിപ്പിക്കൽ, 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടു നൽകൽ, നാവിക – സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കൽ എന്നിവയാണ് ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകൾ. ഇവ മൂന്നും അമേരിക്ക പാലിച്ചാൽ ഏഴാം ദിവസം ഹോർമുസ് തുറക്കാമെന്നും ചർച്ച പുനരാരംഭിക്കാമെന്നുമായിരുന്നു ഇറാന്റെ നിലപാട്.

അതിനിടെ സൗദി അറേബ്യക്ക് നേരെ ഹൂതികൾ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ നടത്തി. ഖമീസ് മുശൈത്ത് നഗരം ലക്ഷ്യമാക്കി വന്ന 2 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്ത് വെച്ച് തകർത്തു. ഇന്ന് പുലർച്ചെ റിയാദ് മേഖല ലക്ഷ്യമാക്കി വന്ന 2 ഡ്രോണുകളും പ്രതിരോധ സേന വീഴ്ത്തിയിട്ടുണ്ട്. അതിനിടെ, മക്ക സംയുക്ത പ്രതിരോധ കരാറിലെ രാജ്യങ്ങളുടെ സൈനിക മേധാവികൾ റിയാദിൽ യോഗം ചേർന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് സൈനിക, രാഷ്ട്രീയ തലങ്ങളിൽ ഒന്നിച്ച് നീങ്ങാനും യോഗത്തിൽ ധാരണയായി. ഹോർമസിലെ സുരക്ഷിതപാതയിൽ ഇറാനുമായി ഒമാൻ ചർച്ച ഇന്നലെ ചർച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *