കുട്ടികളുടെ കുറിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ അഞ്ചു വയസുകാരൻ അച്ഛനെക്കുറിച്ചെഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ പൊത്തംകണ്ടം ജി.യു.പി. സ്കൂളിലെ വിദ്യാർഥിയായ ആരവ് പി.പി അച്ഛന് സംഭവിച്ച അപകടത്തെ കുറിച്ചും ആശുപത്രിയിൽനിന്ന് അച്ഛനെ കൊണ്ടുവന്നപ്പോൾ സംഭവിച്ചതുമായ കാര്യങ്ങളുമാണ് സ്കൂൾ ഡയറിയിൽ കുറിച്ചത്.

‘കുറച്ച് ദിവസങ്ങൾ‌ മുമ്പ് എന്റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന്റെ മോളിൽ നിന്നും തായേക്ക് വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശുപത്രിയിലായി. രാത്രിയാണ് വീട്ടിൽ വന്നത്. അച്‌ഛനെ എല്ലാരും കൂടി എടുത്ത് വീട്ടിൽ കൊണ്ടുവന്നു കട്ടിൽ കിടത്തി. അച്‌ഛനെ കണ്ടതും ഞാൻ പൊട്ടി കരഞ്ഞു. അച്ഛൻ്റടുത്ത് കിടന്നു. അതുകണ്ട് ആട ഉണ്ടായർക്കു സങ്കടമായി. എല്ലാരും കരഞ്ഞു.’- എന്നാണ് ഒന്നാം ക്ലാസുകാരനായ പി.പി ആരവ് കുറിച്ചിരിക്കുന്നത്.

സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോടെയാണ് അഞ്ച് വയസുകാരൻ അച്ഛനെ കുറിച്ച് എഴുതിയത്. സ്കൂളിലെ പഠനപ്രവർത്തനത്തിന്റെ ഭാ​ഗമായി എഴുതിയതായിരുന്നു കുറിപ്പ്. ‘ചേർത്തുപിടിക്കുന്നു മോനേ’ എന്ന അടിക്കുറിപ്പോടെ മന്ത്രി വി. ശിവൻകുട്ടി ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *