ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ വ്യക്തത തേടി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി വിവരങ്ങൾ തേടി. 3 ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. വിശദമായ മറുപടി 3 ആഴ്ചക്കുള്ളിൽ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം വർഷങ്ങൾക്ക് മുന്നേ തന്നെ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്ന ആരോപണമാണ് ഇരട്ട പൗരത്വമുണ്ടെന്നത്. 2015 ൽ ബി ജെ പി നേതാവായ സുബ്രഹ്മണ്യൻ സ്വാമിയാണ് പർലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ആദ്യമായി പരാതി നൽകിയത്. അന്ന് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മറുപടിയിൽ രാഹുൽ ഗാന്ധി ഈ ആരോപണം തെറ്റാണെന്നും പരാതിക്കാരൻ തന്‍റെ പേര് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മറുപടി നൽകുകയും ചെയ്തിരുന്നു. തെളിവുണ്ടെങ്കിൽ രേഖകൾ സഹിതം ആരോപണം തെളിയിക്കണമെന്നും അന്ന് രാഹുൽ സുബ്രഹ്മണ്യൻ സ്വാമിയെ വെല്ലുവിളിച്ചിരുന്നു.ഇതിന് പിന്നാലെ 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19, 1970 എന്നതാണ് രാഹുൽ ഗാന്ധിയുടെ ജനനത്തീയതി എന്നും, പൗരത്വം ബ്രിട്ടീഷ് ആണെന്നും കമ്പനി രേഖകളിലുണ്ടെന്നതടക്കമുള്ള സുബ്രമണ്യൻ സ്വാമിയുടെ പരാതി മുൻനിർത്തായാണ് കേന്ദ്രം രാഹുലിന് നോട്ടീസ് അയച്ചത്. പിന്നീടും പല തവണ വിവാദം ഉയർന്നിട്ടുണ്ടെങ്കിലും ആഭ്യന്ത്രര മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടില്ല. ഇന്നും അലഹബാദ് ഹൈക്കോടതിയിൽ കേന്ദ്രം നൽകിയ മറുപടി രാഹുലിന്‍റെ പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *