കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് 38 പേ‍ർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അടിയന്തര ലാൻഡിം​ഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാൽ, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.

വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയർന്നുവരുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തകർന്നുവീണ വിമാനത്തിൽ വെടിയുണ്ടകളുടേതിന് സമാനമായ പാടുകൾ കണ്ടെത്തിയെന്നാണ് സൂചന. യുക്രേനിയൻ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇത് തകർത്തതാകാമെന്നാണ് റിപ്പോർട്ട്. എന്നാൽ, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അക്‌തുവിൽ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.

2014-ൽ ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേ കിഴക്കൻ യുക്രൈനിൽ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് MH17 തകർന്നുവീണിരുന്നു. വിമാനം വെടിവെച്ചിട്ടതാണെന്ന് പിന്നീട് വ്യക്തമായി. കസാഖിസ്ഥാനിൽ തകർന്നു വീണ വിമാനത്തിൻ്റെ പിൻഭാഗത്തെ ഫ്യൂസ്‌ലേജിൽ അന്ന് മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ കണ്ടതിന് സമാനമായ പാടുകളാണ് കണ്ടെത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. 67 യാത്രക്കാരുമായി അസർബൈജാനിലെ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അപകടത്തിൽപ്പെട്ട 29 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ 11 പേരുടെ നില ​ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *