തീർഥാടകരുടെ എണ്ണം 33 ലക്ഷം കടന്നു

മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ശബരിമല അവലോകന യോഗം ചേർന്നു. മകരവിളക്ക് തീർത്ഥാടനമായി ബന്ധപ്പെട്ടായിരുന്നു പമ്പയിൽ യോഗം ചേർന്നത്. പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു.

33,32,000 തീർഥാടകരാണ് ഡിസംബർ 25 വരെ ശബരിമലയിൽ എത്തിയത്. തീർഥാടകരുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് 5000 ആയി തുടരും. വെർച്ചൽ ക്യൂ ബുക്കിങ്ങിലും നിലവിലെ സംവിധാനം തുടരും.

ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വ്യക്തമാക്കി. തിരുവാഭരണ പാതയിൽ തടസങ്ങൾ ഉണ്ടാകില്ല. ഇതിനായി വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാനന പാതയിലൂടെ ഉള്ള അയ്യപ്പന്മാരുടെ വരവിന് ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്ന് വരുന്ന വണ്ടികൾക്ക് കുമളിയിൽ പാർക്ക് ചെയ്യാൻ ആവശ്യമായ സൗകര്യം ഉറപ്പാക്കും. ഇതിനായി കേരള – തമിഴ്നാട് വനവകുപ്പ് സംയുക്തമായി പ്രവർത്തിക്കുമെന്ന് അറിയിച്ച മന്ത്രി മകര വിളക്ക് പർണ്ണ ശാലയിൽ ഇത്തവണയും ദേവസ്വം വകുപ്പ് ഭക്ഷണം എത്തിച്ചു നൽകുമെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ പർണ്ണ ശാലയിൽ പാചകം പാടില്ല.

മകര വിളക്കിന് കെഎസ്ആർടിസി എണ്ണൂറിലധികം സർവ്വീസുകളാണ് നടത്തുക. മകര വിളക്ക് വ്യൂ പോയിന്റുകൾ നേരത്തെ തന്നെ ക്രമീകരിക്കുന്നതാണ്. സുഗമമായ ദർശനം ഉറപ്പാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും സന്നിധാനത്ത് വിന്യസിക്കും. അരവണ ഉത്പാദനനത്തിലും വർധന ഉണ്ടായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 40 ലക്ഷത്തോളം ബഫർ സോൺ സ്റ്റോക്ക് ഉണ്ടായിരുന്നു. അതേസമയം ശബരിമലയിലെ ശുചീകരണ തൊഴിലാളികളുടെ വേതനം വർധിപ്പിക്കുമെന്നും മന്ത്രി വിഎൻ വാസവൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *