റിലീസിനായി ഇനിയും കാത്തിരിക്കണം

മദ്രാസ്: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. മദ്രാസ് സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സെൻസർ ബോർഡിന് മറുപടി നൽകാൻ മതിയായ സാവകാശം നൽകിയില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കേസ് ഇപ്പോൾ വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് തിരിച്ച് അയച്ചു. സിനിമയുടെ റിലീസിന് വേണ്ടി ആരാധകർ ഇനിയും കാത്തിരിക്കണം. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്.

ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Leave a Reply

Your email address will not be published. Required fields are marked *