ചൂരൽമല പ്രകൃതി ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ്സും മുസ്ലിം ലീഗും സമാഹരിച്ച തുകയുടെയോ അതിന്റെ വിനിയോഗത്തിന്റെയോ യാതൊരുവിധ വിശദാംശങ്ങളും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതർക്കായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യങ്ങൾ ആർക്കെല്ലാം ലഭ്യമാക്കുമെന്ന കാര്യത്തിലും സർക്കാരിന് അറിവില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണകളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്നോട്ട് പോയതായും സൂചനയുണ്ട്. ദുരന്ത ബാധിതർക്കായുള്ള വീടുകൾ സർക്കാർ തന്നെ നേരിട്ട് നിർമ്മിക്കുമെന്നായിരുന്നു ആദ്യത്തെ പൊതുവായ ധാരണ. എന്നാൽ പിന്നീട് ഈ നിലപാടിൽ നിന്ന് മാറി, സ്വന്തം നിലയിൽ വീടുകൾ നിർമ്മിക്കുമെന്ന തീരുമാനമാണ് കോൺഗ്രസ്സും മുസ്ലിം ലീഗും സ്വീകരിച്ചത്.

ഈ പാർട്ടികളുടെ പുതിയ നിലപാട് നേരത്തെയുള്ള ധാരണകളുടെ ലംഘനമാണെന്നും, സമാഹരിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാത്തത് പദ്ധതികളുടെ ഏകോപനത്തെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഫലപ്രാപ്തിയിലേക്ക്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ ഒരുങ്ങുകയാണ് സർക്കാർ. വീടുകൾ കൈമാറുന്ന ഔദ്യോഗിക തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *