മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹിയിലെ ബി ജെ പി ഓഫീസുകൾക്ക് മുൻപിൽ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും വ്യാപക പ്രതിഷേധം.

ഓഫിസിന് മുന്നിൽ പോലീസുമായി തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെ എഎപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് സമീപത്ത് 144പ്രഖ്യാപിക്കുകയും ബിജെപി ആസ്ഥാനവും എഎപി ഓഫീസും സ്ഥിതി ചെയ്യുന്ന ഡിഡിയു മാര്‍ഗിലേക്കുളള റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ഇതേ സമയം, സിസോദിയയെ കോടതിക്ക് മുൻപിൽ ഹാജരാക്കി. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വെച്ച് ഇന്നലെയാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനോട് മനീഷ് സിസോദിയ സഹകരിച്ചിരുന്നില്ലായെന്നും ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യങ്ങളോടും തെളിവുകളോടും വ്യക്തതയില്ലാത്ത രീതിയിലായിരുന്നു പ്രതികരണമെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *