ജനങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതു മുടക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റേത് സാധാരണ തെരഞ്ഞെടുപ്പു കാലത്തു നടക്കാറുള്ള പറച്ചില്‍ മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം കമ്മിഷനു പരാതി നല്‍കുകയാണ് ചെയ്തത്. മൂന്നു കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയുക, വിഷു-ഈസ്റ്റര്‍ കാലത്തെ ഭക്ഷ്യധാന്യ വിതരണം തടയുക, പെന്‍ഷന്‍ നല്‍കുന്നതു തടയുക എന്നിവയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആവശ്യങ്ങള്‍. തെരഞ്ഞെടുപ്പു കണ്ടല്ല സര്‍ക്കാര്‍ ഇതു ചെയ്തത്. സാധാരണ ഉത്സവകാലത്തു നടക്കാറുള്ളതാണ് ഇത്. കിറ്റ് വിതരണം തടഞ്ഞതുകൊണ്ട് ജനങ്ങള്‍ക്കുള്ള സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതാക്കാമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. ഇതു ജനങ്ങളെ കുറച്ചുകാണലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഭക്ഷ്യകിറ്റും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ പെന്‍ഷനും അരിയും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടല്ല. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്റെ കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് പ്രചരിപ്പിച്ച സംഘപരിവാറിനെ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്കെതിരായ നടപടികളിലും മുഖ്യമന്ത്രി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി . കിഫ്ബിയെ കുറിച്ച് പരിഹസിക്കുമ്പോഴും അതിന്റെ കഴുത്തില്‍ കുരുക്കിടാനുള്ള ആരാച്ചാര്‍ പണി യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ഇപ്പോള്‍ അതും സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ നശീകരണ പ്രവര്‍ത്തനം നടത്തുന്നത്. അവര്‍ക്ക് കിഫ്ബിയെ തകര്‍ക്കണമെന്നും ലൈഫ് പദ്ധതി അട്ടിമറിക്കണമെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിക്കെതിരേ കോണ്‍ഗ്രസിനും യുഡിഎഫിനും ആര്‍എസിസും ഓരേ വികാരമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമായ ഒരു കാര്യവും നടക്കരുത് എന്ന വാശിയിലാണ് കോണ്‍ഗ്രസും യുഡിഎഫും അവരെ സഹായിച്ചുകൊണ്ട് ബിജെപിയും നടത്തുന്നത്. എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാര്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് അവസരം തുറന്നിട്ട് കൊടുക്കുകയാണ്. ജനങ്ങള്‍ക്കുള്ള ഭക്ഷണവും പെന്‍ഷനും പോലും മുടക്കണം എന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ കേരളത്തിലെ ശക്തനായ വക്താവായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *