തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അഭിമുഖ ഭാഗം നീക്കിയതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമൻ്റ് നീക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷേ, അബദ്ധത്തിൽ വീഡിയോ മുഴുവൻ നീക്കം ചെയ്തെന്ന് രത്തൻ യു. ഖേൽക്കർ പറഞ്ഞു. അഭിമുഖഭാഗം വീണ്ടും നൽകാൻ ആവശ്യപ്പെട്ടതായും രത്തൻ യു. ഖേൽക്കർ അറിയിച്ചു.
വീഡിയോ നീക്കിയത് പൊലീസ് നിർദേശ പ്രകാരമെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരമാണ് വീഡിയോ നീക്കിയത് എന്ന് രത്തൻ ഖേൽക്കർ വ്യക്തമാക്കി. കമൻ്റ് നീക്കം ചെയ്യാനാണ് മെറ്റയോട് ആവശ്യപ്പെട്ടത്. പക്ഷേ, വീഡിയോ പൂർണമായും ഒഴിവാക്കുക ആയിരുന്നു.
മെറ്റയ്ക്ക് പറ്റിയ തെറ്റ് ആണ് എന്നാണ് പൊലീസ് അറിയിച്ചത്. സൈബർ പൊലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്നും മെറ്റയോട് വീഡിയോ റീസ്റ്റോർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
