അതി തീവ്ര വ്യാപനത്തിലെത്തിയ കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയെ അമേരിക്ക സഹായിക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകണമെന്നുമാണ് പ്രിയങ്ക ആവശ്യപ്പെട്ടത്.

‘എന്റെ ഹൃദയം നുറുങ്ങുകയാണ്. ഇന്ത്യ കൊവിഡ് 19 മൂലം കടുത്ത ദുരിതം അനുഭവിക്കുകയാണ്. എന്നാല്‍ അമേരിക്ക ആവശ്യമുള്ളതിനേക്കാള്‍ 550 മില്യണ്‍ വാക്‌സിന്‍ ഓഡര്‍ ചെയ്തിരിക്കുന്നു.

ആസ്ട്രസെനക്ക വാക്‌സിന്‍ ലോകം മുഴുവനുമായി പങ്കുവെച്ചതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ത്യയ്ക്ക് കുറച്ച് വാക്‌സിന്‍ നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുമോ,’ പ്രിയങ്ക ട്വീറ്റ് ചെയ്തു

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റൊണാള്‍ഡ് ക്ലെയ്ന്‍, സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പ്രിയങ്കയുടെ ട്വീറ്റ്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *