ജില്ലയില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ-മത-സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രവര്‍ത്തനവും ഉണ്ടാവുമെന്ന് സര്‍വകക്ഷി യോഗത്തിന്റെ ഉറപ്പ്.

കോവിഡ് മുക്ത വാര്‍ഡ് എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ വാര്‍ഡ് തല പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിനായി രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വാര്‍ഡുതല റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രവര്‍ത്തനം സജീവമാക്കും.

രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കലക്ടറേയും ജില്ലാ പൊലീസ് മേധാവിമാരെയും യോഗം ചുമതലപ്പെടുത്തി. പ്രാദേശിക തലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും സെക്രട്ടറിമാരുടേയും യോഗം രണ്ടു ദിവസം കൂടുമ്പോള്‍ ചേരും.
ജില്ലയില്‍ ഒരു ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കാന്‍ യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ 10 കിലോ ലിറ്ററിന്റെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്കാണ് ഉളളത്. പി.എം.എസ്എസ്.വൈ കോവിഡ് ആശുപത്രിയില്‍ രണ്ട് കിലോ ലിറ്റര്‍ ന്റെ 300 ഡി ടൈപ്പ് സിലിണ്ടറുകളാണ് ഉപയോഗപ്പെടുത്തുന്നത്. പി.എം.എസ്എസ്.വൈ ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ ആറ് കിലോ ലിറ്റര്‍ വീതമുളള രണ്ട് ടാങ്കുകള്‍ ഒരുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ മതിയായ ഓക്‌സിജന്‍ ടാങ്ക് സൗകര്യം ഉണ്ടെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 60 മുതല്‍ 70 ശതമാനം വരെ കിടക്കകള്‍ കോവിഡ് ചികിത്സക്കായി മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യോഗത്തില്‍ മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, എം.പി.മാരായ എം.കെ.രാഘവന്‍, കെ. മുരളീധരന്‍, എം.എല്‍.എ.മാരായ സി.കെ.നാണു, വി.കെ.സി.മമ്മത്‌കോയ, പി.ടി.എ. റഹീം, ഇ.കെ.വിജയന്‍, എം.പ്രദീപ്കമാര്‍, ജോര്‍ജ്.എം.തോമസ്, പാറക്കല്‍ അബ്ദുളള, ഡി.എം.ഒ.ജയശ്രീ.വി, എന്‍.എച്ച്.എം.പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍.എ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.മോഹനന്‍മാസ്റ്റര്‍, ടി.വി.ബാലന്‍, രാജീവന്‍ മാസ്റ്റര്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ.വികെ.സജീവന്‍, അഡ്വ.വി.സത്യപ്രസാദ്, എം.എ. റസാഖ് മാസ്റ്റര്‍, സി.പി. ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റുപ്രധാന തീരുമാനങ്ങള്‍

*ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ടെസ്റ്റിനും വാക്സിനേഷനും പ്രത്യേകം സൗകര്യമൊരുക്കും.

*വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയ ക്രമം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും

50,000 കോവിഡ് രോഗികള്‍ക്കുവേണ്ട മുന്നൊരുക്കം

50000 കോവിഡ് രോഗികള്‍ ഉണ്ടായാല്‍ ചികിത്സിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു യോഗത്തില്‍ പറഞ്ഞു. നിലവില്‍ 34618 രോഗികളാണുളളത്. ഇതില്‍ 27,379 പേരും കാര്യമായ രോഗലക്ഷണമില്ലാത്തതിനാല്‍ വീടുകളില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോട്, മെഡിക്കല്‍ കോളേജിലും, ഐഎംസിഎച്ചിലുമായി 410 കിടക്കകള്‍ നിലവില്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇവിടെ 200 കിടക്കകള്‍കൂടി വര്‍ധിപ്പിക്കും. പുതുതായ കോവിഡ് ആശുപത്രിയാക്കി മാറ്റിയ പി.എം.എസ്.എസ്.വൈ. കെട്ടിടത്തില്‍ 160 കിടക്കകള്‍ നിലവിലുണ്ട്. 500 കിടക്കകള്‍ ഇവിടെ സജ്ജമാകും. ബീച്ച് ആശുപത്രിയില്‍ 300 കിടക്കകളാണ് ഇപ്പോള്‍ കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താവുന്നത്. 100 എണ്ണംകൂടി സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 862 കിടക്കകളും പിഎം.എസ്.എസ്.വൈ കെട്ടിടത്തില്‍ 184 കിടക്കകളിലും ബീച്ച് ആശുപത്രിയില്‍ 106 കിടക്കകളിലും ഓക്‌സിജന്‍ ലൈന്‍ സൗകര്യം ലഭ്യമാണ്. ആകെ 604 കിടക്കകള്‍കൂടി ഓക്‌സിജന്‍ ലൈന്‍ സൗകര്യമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *