ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ഒഡിഷയിലെ ഭദ്രാക്ക്, ബാലസോർ അടക്കം 10 തീരദേശ ജില്ലകളെ യാസ് പിടിച്ചുകുലുക്കി. രണ്ടുപേർ മരിച്ചു. ഭദ്രക് ജില്ലയിലെ ജമുജാദി റോഡ് തകർന്നു. പാരദീപ് ജെട്ടിയിൽ നിരവധി മത്സ്യബന്ധന ബോട്ടുകൾ തകർന്നു. ചുഴലിക്കാറ്റ് തീരം തൊട്ട ദംറ തുറമുഖത്ത് കനത്തനാശമുണ്ടായി. ബാലസോറിനും ദംറയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ആറു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പശ്ചിമ ബംഗാളിൽ 15 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായും മൂന്ന് ലക്ഷത്തോളം വീടുകൾക്ക് നാശമുണ്ടായതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ഒരുകോടിയോളം പേർ ദുരിതത്തിലായി. ബംഗാൾ തീരത്ത് മാത്രം 11.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. മൂന്നു ദിവസമായി തുടരുന്ന മുൻകരുതൽ നടപടികൾ ആളപായം കുറയ്ക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ, വടക്ക്, തെക്ക് 24 പർഗനാസ് ജില്ലകൾ, കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ദിഗ എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ചു. പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. തീരപ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങൾ വെള്ളത്തിലായി. ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു.
ചുഴലിക്കാറ്റ് ജാർഖണ്ഡിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ബിഹാർ, ജാർഖണ്ഡ്, അസാം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.