ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി. നേതൃത്വം ആത്മപരിശോധന നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ നേരത്തെ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. പാര്‍ട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണെന്നും അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാജ്യവും കോണ്‍ഗ്രസും ചിന്തിക്കുന്നത് രണ്ടുതരത്തിലാണെന്നും തിവാരി പറഞ്ഞു.
ഒരു വാര്‍ഡ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ശേഷിയില്ലാത്തവര്‍ പാര്‍ട്ടിയെക്കുറിച്ച് അറിവ് നല്‍കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചില നേതാക്കളെ ലക്ഷ്യമിട്ട് തിവാരി കൂട്ടിച്ചേര്‍ത്തു. നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ ഗതി വരില്ലായിരുന്നു. പാര്‍ട്ടിക്കും രാജ്യത്തിനുമിടയില്‍ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി.
ആസാദിന്റെ കത്തിലെ ഗുണദോഷങ്ങളിലേക്ക് കടക്കുന്നില്ല. അത് വിശദീകരിക്കാന്‍ യോഗ്യന്‍ അദ്ദേഹം തന്നെയാണ്. 42 വര്‍ഷമായി കോണ്‍ഗ്രസുകാരനായിട്ടുള്ള തനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ലെന്നും തിവാരി വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 42 വര്‍ഷമായി ഞാന്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്. ഇക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഞങ്ങള്‍ ഈ പാര്‍ട്ടിയിലെ കുടിയേറ്റക്കാരല്ല. അംഗങ്ങളാണ്. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചാല്‍, അത് മറ്റൊരു കാര്യമാണെന്നും മനീഷ് തിവാരി പറഞ്ഞു.