ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 99 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. 14 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന സ്വദേശിയായ ട്യൂഷന്‍ അദ്ധ്യാപകനെ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രണ്ട് ട്രോളി ബാഗുകളിലായി 14 കിലോ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

അന്‍പത്തിരണ്ടുകാരനായ പ്രതി എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരു വഴി ഡല്‍ഹിയിലേക്ക് വന്‍ തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐ യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ തെലങ്കാന സ്വദേശിയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ട്രോളിക്കുള്ളിലെ രഹസ്യ അറയില്‍ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകളിലാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.

വിദേശ ജോലി എന്ന പരസ്യം കണ്ടാണ് ഇയാള്‍ മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാകുന്നത്. എത്യോപ്യയില്‍ നിന്ന് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്താന്‍ അവരുമായി കരാറിലെത്തുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. എത്യോപ്യയില്‍ നിന്നെത്തിച്ച മയക്കുമരുന്ന് ഡല്‍ഹിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതിന് പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *