ഹൈക്കോടതി ജഡ്ജിയെയും കോടതിയെയും അപകീർത്തിപ്പെടുത്തുന്ന പ്രസംഗം നടത്തിയതിന് ലഭിച്ച ശിക്ഷയ്ക്കെതിരെ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അതിന്റെ ഭവിഷ്യത്തും ആലോചിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ‘സ്വന്തം സൈന്യ’വുമായി എത്തി വാദിക്കാൻ ശ്രമിച്ച നിപുൺ ചെറിയാന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യ കേസിൽ നാല് മാസം തടവും, 2000 രൂപ പിഴയും ആണ് നിപുൺ ചെറിയാന് ഹൈക്കോടതി വിധിച്ചത്. ഈ വിധിക്കെതിരെ നിപുൺ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജിയാണ് ഫയൽ ചെയ്തത്. എന്നാൽ അപ്പീൽ ആണ് ഫയൽ ചെയ്യേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 82 ദിവസമായി നിപുൺ ജയിലിൽ കഴിയുകയാണെന്നും അതിനാൽ ശിക്ഷ ഉടൻ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാം പറക്കാട് വാദിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് അപ്പീൽ ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു. അപ്പീൽ ഇന്ന് തന്നെ ഫയൽ ചെയ്യുകയാണെങ്കിൽ ഒക്ടോബർ 3-ന് സുപ്രീം കോടതി വാദം കേൾക്കും.

Leave a Reply

Your email address will not be published. Required fields are marked *