ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദിച്ചതായി പരാതി. സാക്കിർ ഹുസൈൻ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് ഒന്നാം വർഷ വിദ്യാർഥികളായ കാസർകോട് സ്വദേശി കെ.സുദിൻ, കോഴിക്കോട് സ്വദേശി ഐ.ടി.അശ്വന്ത് എന്നിവർക്കു നേരെയാണു കഴിഞ്ഞ 24നു ചെങ്കോട്ടയ്ക്കു സമീപമാണ് അക്രമമുണ്ടായത്.
വൈകിട്ട് ആറരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ കച്ചവടക്കാരനായെത്തിയ ഒരാൾ ഫോണും വാച്ചും വാങ്ങാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചതായി വിദ്യാർഥികൾ പറയുന്നു. വേണ്ടെന്നു പറഞ്ഞുമുന്നോട്ടു നടക്കവേ കച്ചവടക്കാരൻ സംഘമായെത്തി അശ്വന്തിന്റെ ഐഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഈ ഫോൺ, വിദ്യാർഥികൾ കച്ചവടക്കാരിൽനിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അക്രമം. ഉടൻ വിദ്യാർഥികൾ സമീപത്തെ പൊലീസ് ഔട്പോസ്റ്റിലെത്തി സഹായം അഭ്യർഥിച്ചു.
എന്നാൽ വിദ്യാർഥികളാണ് തെറ്റുചെയ്തതെന്ന് ആരോപിച്ച പൊലീസ് ഫോൺ പിടിച്ചുവാങ്ങി ആക്രമിക്കാനെത്തിയ സംഘത്തിനു നൽകുകയും ഇരുവരെയും ക്രൂരമായി മർദിക്കുകയും ചെയ്തു. റോഡരികിൽ ഇരുവരെയും മുട്ടികുത്തിനിർത്തിച്ചതായും വിദ്യാർഥികളുടെ പരാതിയിലുണ്ട്. ഇതിനിടെ ഫോൺ തിരികെ വാങ്ങാൻ വിദ്യാർഥികൾ ശ്രമിച്ചതോടെ അടുത്തുള്ള പൊലീസ് ബൂത്തിലേക്ക് എത്തിച്ചു.
മുണ്ടുടുത്തതിനെ ചോദ്യംചെയ്തതിനു പുറമേ ഹിന്ദിയിൽ സംസാരിക്കാത്തതിനും മർദിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു. 20,000 രൂപ നൽകിയാൽ കേസിൽനിന്ന് ഒഴിവാക്കാമെന്ന് പൊലീസ് പറഞ്ഞതായും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. രാത്രി വൈകിയും തുടർന്ന മർദനത്തിനുശേഷം സഹപാഠികളെത്തിയതോടെയാണു വിദ്യാർഥികളെ വിട്ടയച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ ശരീരത്തിൽ മർദനമേറ്റ ഒട്ടേറെ പാടുകളുണ്ട്.
