പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസിൽ കേന്ദ്രത്തിന് തിരിച്ചടി.വിഷയം വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവിട്ടു . ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നവീൻ കുമാർ ചൌധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡി.പ്രഭാകരൻ, ബോംബേ ഐഐടിയിലെ ഡോ.അശ്വിൻ അനിൽ ഗുമസ്തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ വിദഗ്ദ്ധ സമിതിക്ക് പിന്തുണ നൽകാനായി സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സാങ്കേതിക വിദഗ്ധരും സമിതിയില്‍ അംഗമായിരിക്കും. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. കേസിൽ വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി.

ചാര സോഫ്റ്റ്വേര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിനെ സര്‍ക്കാര്‍ ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോണ്‍ ബ്രിട്ടാസിന്റെ ഹര്‍ജി.

ഭരണഘടന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ കോടതി ആ​ഗ്രഹിക്കുന്നില്ല. ഈ കേസിൽ ചില ഹർജിക്കാർ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളർച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല എല്ലാ വ്യക്തികൾക്കും സ്വകാര്യത അനിവാര്യമാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണോ എന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണം. വിവാദത്തിന്റെ അടിവേരുകൾ കണ്ടെത്താൻ ഇവിടെ കോടതി നിർബന്ധിതമാകുന്നു. മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങൾ ഭരണഘടന പരിശോധനക്ക് വിധേയമാകണം.വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *