അർജന്റീന ടീമിന്റെയും ലയണൽ മെസിയുടെയും കേരള സന്ദർശവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് മറയ്ക്കാൻ വേണ്ടിയാണ് ഓരോ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന പണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൂടാതെ, “ചില ക്രിമിനലുകൾ മാധ്യമ മേഖലയിൽ വന്നിട്ടുണ്ട്, അതിനെ നേരിടും” എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല, എക്സാലോജിക്, മെസി തട്ടിപ്പുകൾ നമ്മൾ കണ്ടു. കേരളത്തിലെ രാഷ്ട്രീയ ശുദ്ധീകരണമാണ് ലക്ഷ്യം. അതിനിടയിൽ കറപുരണ്ട മാധ്യമ ദല്ലാളൻമാരുണ്ടെങ്കിൽ അതും ശുദ്ധീകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയ-മാധ്യമ ശുദ്ധീകരണം ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒരു വസ്തുതയുമില്ല. ബിപിഎൽ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാർത്താക്കുറിപ്പിറക്കിയിട്ടുണ്ട്. കുറേ നാളായി ഈ ആരോപണങ്ങൾ ഞാൻ നേരിടുന്നു. തന്നെക്കുറിച്ച് നുണ പറഞ്ഞതുകൊണ്ട് അവർ രക്ഷപ്പെടാൻ പോകുന്നില്ല. തന്നെ ടാർഗറ്റ് ചെയ്യാൻ നോക്കിയാൽ അത് നടക്കില്ല. നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പിഎം ശ്രീ പദ്ധതിയിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പിഎം ശ്രീ പദ്ധതി വായിച്ചു നോക്കിയാൽ കാര്യങ്ങൾ വ്യക്തമാണ്. അഞ്ച് വർഷം അത് നടപ്പാക്കാതെ വെച്ചു. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണ്. ഏറ്റവും ഒടുവിൽ ഒപ്പുവച്ചിട്ട് പരസ്പരം സിപിഎം-സിപിഐ പഴിചാരൽ നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
