തിരുവനന്തപുരം: യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ ഏകോപന സമിതിയായ യുഡിഎസ്എഫ് ബുധനാഴ്ച സമ്പൂര്‍ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ്- ബിജെപി നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ച് പിഎം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ട സിപിഎം തീരുമാനത്തിനെതിരെയാണ് സമരം കടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കി.

എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ പ്രൊഫഷണല്‍, അണ്‍ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബുധനാഴ്ച പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

സിപിഐ ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ എതിര്‍പ്പ് വകവയ്കകാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും 2020 മുതലുള്ള എതിര്‍പ്പ് പൊടുന്നനെ അവസാനിപ്പിച്ചതിലൂടെ കേരളത്തിലെ സിപിഎം-ബിജെപി ഡീല്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് യുഡിഎസ്എഫ് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ തീരുമാനം നടപ്പാക്കാന്‍ സിപിഎം രംഗത്തിറങ്ങിയതിനുള്ള കാരണം ലളിതമാണെന്ന് നേതാക്കള്‍ ആരോപിച്ചു.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ കെഎസ് യു, എംഎസ്എഫ്, കെഎസ്‌സി, പിഎസ് യു തുടങ്ങിയ സംഘടനകള്‍ സംബന്ധിച്ചു. സിപിഎം-ബിജെപി ഡീല്‍ തുറന്നു കാട്ടി സംസ്ഥാനത്താകെ തുടര്‍ സമരങ്ങളും സംവാദങ്ങളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *