മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നതിനിടെ എക്‌നാഥ് ഷിന്‍ഡെ സമ്മര്‍ദ്ധ തന്ത്രം പയറ്റുന്നതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. ബിഹാറിലെ നിതീഷ് മോഡല്‍ സമ്മര്‍ദം മഹാരാഷ്ട്രയില്‍ വിലപ്പോകില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നുമാണ് ബിജെപി നിലപാട്.
132 സീറ്റ് നേടിയ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിസ്ഥാനം ത്യജിക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ബിഹാറില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ എക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുമെന്ന് ഒരു ഉറപ്പും നല്‍കിയിട്ടില്ല. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ശക്തമായ സംഘടനാ അടിത്തറയും നേതൃത്വവും ഉണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും എന്നാണ് നിലപാട് എടുത്തത്. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടി നിലപാടെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.