തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയോ പ്രതിചേർക്കുകയോ ചെയ്യില്ലെന്നാണ് പൂജപ്പുര പോലീസ് വ്യക്തമാക്കുന്നത്.
അന്വേഷണ സംഘം നൽകുന്ന വിശദീകരണം അനുസരിച്ച്, സ്ഥാനാർത്ഥിയാകാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് ആനന്ദിന്റെ ആത്മഹത്യക്ക് കാരണം. ആനന്ദിനെ സ്ഥാനാർത്ഥിയാകാൻ ആരും നിർദേശിച്ചിരുന്നില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്
കുറിപ്പിലെ ആരോപണങ്ങൾ
ഇക്കഴിഞ്ഞ നവംബർ 15നായിരുന്നു ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായിരുന്ന ആനന്ദ് ജീവനൊടുക്കിയത്. ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരെ രൂക്ഷ വിമർശനങ്ങളടങ്ങിയ കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ.
തൃക്കണ്ണാപുരത്ത് നിന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ആനന്ദ്, പാർട്ടി പ്രഖ്യാപിച്ചത് മറ്റൊരു സ്ഥാനാർത്ഥിയെയായിരുന്നു എന്ന് കുറിപ്പിൽ പറഞ്ഞിരുന്നു. ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്ക് മണൽ മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദ് ആരോപിച്ചിരുന്നു.
ബി.ജെ.പി ഏരിയാ പ്രസിഡന്റ് ഉദയകുമാർ, നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർ.എസ്.എസിൻ്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നു. ഈ നേതാക്കൾ മണൽ മാഫിയക്കാരാണെന്നും അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികാരത്തിൽ ഒരാൾ വേണമെന്നതിനാലാണ് വിനോദ് കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്നും ആനന്ദ് കുറ്റപ്പെടുത്തിയിരുന്നു.
