ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 60 അംഗ നിയമസഭയില്‍ 48 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്.കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മൊബഷര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്. തന്റെ സിറ്റിങ് സീറ്റായ കൈലാഷഹറില്‍ തന്നെ മൊബഷര്‍ അലി മത്സരിക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ നിന്ന് ജനവിധി തേടും. നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും പാര്‍ലമെന്ററി കമ്മിറ്റിയുടെയും യോഗത്തിന് ശേഷമാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. 17 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ധാരണപ്രകാരമുള്ള 13 സീറ്റുകള്‍ക്ക് പുറമേ ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്‍.കെ. പുര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മണിക് സാഹയ്‌ക്കെതിരെ മുന്‍ ബി.ജെ.പി. എം.എല്‍.എയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബര്‍ദോവാലി മണ്ഡലത്തില്‍ ആശിഷ് കുമാര്‍ സാഹ മണിക് സാഹയെ നേരിടും. കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എം.എല്‍.എ. സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ തന്നെ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *