പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്‌ക്കെതിരെ കോടതിയിൽ സാക്ഷിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. വിചാരണ നടപടികൾക്കിടെ സാക്ഷി ഹരിദാസനാണ് പ്രതിയുടെ ആസൂത്രിതമായ നീക്കങ്ങളെക്കുറിച്ച് കോടതിയിൽ മൊഴി നൽകിയത്. സ്വയരക്ഷയ്ക്കെന്ന വ്യാജേന ചെന്താമര തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നതായും, പ്രശ്നമുണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും ഹരിദാസൻ പറഞ്ഞു. കൂടാതെ, കൃഷി ആവശ്യത്തിനെന്ന പേരിൽ ചെന്താമരയ്ക്ക് താൻ കീടനാശിനി വാങ്ങി നൽകിയിരുന്നെന്നും, ആയുധങ്ങൾ തയ്യാറാക്കാൻ എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ പ്രതി നിർദേശം നൽകിയിരുന്നതായും സാക്ഷി വെളിപ്പെടുത്തി.

നെന്മാറ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അതീവ ക്രൂരമായാണ് ചെന്താമര വീണ്ടും കൊലപാതകങ്ങൾ നടത്തിയത്. 2025 ജനുവരി 27-നായിരുന്നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. ആസൂത്രിതമായ ഇരട്ടക്കൊലപാതകത്തിന് മുന്നോടിയായി പ്രതി ആയുധങ്ങളും വിഷാംശങ്ങളും ശേഖരിക്കാൻ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന സാക്ഷിമൊഴികൾ. നിലവിൽ കോടതിയിൽ പുരോഗമിക്കുന്ന വിചാരണയിൽ ഈ വെളിപ്പെടുത്തലുകൾ പ്രതിക്ക് വൻ തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *