തിരുവനന്തപുരം: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് പിടികൂടിയത്. കണ്ടാലറിയാവുന്ന ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രദേശത്തെ കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങുകയായിരുന്നു പൊലീസ് സംഘം. നഗരൂർ ജംഗ്ഷന് സമീപം വെച്ച് ആൾട്ടോ കാറിലെത്തിയ സംഘം പൊലീസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സംഘം എസ്.എച്ച്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് പ്രവർത്തകരുടെ വീട്ടിൽ അതിക്രമിച്ചു കയറി മോശമായി പെരുമാറിയെന്നും, എസ്.എച്ച്.ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് പാർട്ടിയുടെ ആവശ്യം. ഇതിന്റെ ഭാഗമായി സ്റ്റേഷന് മുന്നിൽ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്ന് ഓഫീസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *