വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ‘കേരള സ്റ്റോറി 2’ന് കേരളത്തിൽ തണുപ്പൻ പ്രതികരണം. സിനിമ കാണാൻ ആളുകൾ എത്താത്തതിനെത്തുടർന്ന് പല പ്രമുഖ തിയറ്ററുകളിലും ഷോകൾ റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ ചിത്രത്തിന് ആദ്യദിനം തീരെ കുറഞ്ഞ ബുക്കിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം സമാനമായ സാഹചര്യമാണുള്ളത്. കോഴിക്കോട് റീഗൽ തിയറ്ററിൽ ആദ്യ ഷോയ്ക്ക് ആകെ രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കുറഞ്ഞത് പത്ത് പേരെങ്കിലും ഇല്ലാത്തതിനാൽ ഷോ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി. എറണാകുളം ജില്ലയിൽ ഏഴ് തിയറ്ററുകളിലാണ് പ്രദർശനം നിശ്ചയിച്ചിരുന്നത്. പാൻ സിനിമസിൽ ആറ് പേരും പി.വി.ആറിൽ രണ്ട് പേരും മാത്രമാണ് ബുക്ക് ചെയ്തത്. കൊച്ചിയിലെ പ്രമുഖ തിയറ്ററായ ഷേണായിലും പ്രേക്ഷകർ എത്തിയിട്ടില്ല.

വിവാദങ്ങൾ സിനിമയ്ക്ക് മൈലേജ് നൽകുമെന്ന അണിയറപ്രവർത്തകരുടെ പ്രതീക്ഷകൾക്ക് കേരളത്തിലെ ബോക്സ് ഓഫീസ് കണക്കുകൾ തിരിച്ചടിയാവുകയാണ്. കൊച്ചിയിൽ രാവിലെ 10.30-ഓടെ നിശ്ചയിച്ചിരുന്ന പല ഷോകളും പ്രേക്ഷകരില്ലാത്തതിനാൽ പ്രതിസന്ധിയിലായി. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ സിനിമയ്ക്ക് എങ്ങനെയുള്ള പ്രതികരണം ലഭിക്കുമെന്നത് വരും മണിക്കൂറുകളിൽ വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *