അദാനി വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും അദാനിയെ എതിർക്കുന്നു, പിന്നെ എന്തുകൊണ്ടാണ് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര അദാനിയുടെ കൈപിടിച്ച് നിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.റോബർട്ട് വദ്രയും അദാനിയും തമ്മിലുള്ള 2009 ലെ ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.
നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധിക്കുള്ള വിദ്വേഷം അദ്ദേഹത്തിന്റെ യുകെ പര്യടനത്തിൽ പ്രകടമായിരുന്നുവെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി ഒബിസി സമൂഹത്തെയാകെ അപമാനിച്ചുവെന്നും സ്‌മൃതി പറഞ്ഞു.
ഇതാദ്യമായല്ല ഗാന്ധി കുടുംബം ദളിതരെയോ പിന്നാക്കക്കാരെയോ അപമാനിക്കാൻ ശ്രമിക്കുന്നത്. ഗോത്രവർഗക്കാരിയായ ഒരു സ്ത്രീ രാഷ്ട്രപതിയായപ്പോൾ ഗാന്ധി കുടുംബത്തിന്റെ നിർദേശപ്രകാരം കോൺഗ്രസ് അംഗങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും അപമാനിച്ചു.
പാർലമെന്റിൽ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ രാഹുൽ ഗാന്ധി ഉപയോഗിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും സ്വന്തം പ്രസ്താവനകളുടെ സത്യാവസ്ഥ തെളിയിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരെയും അധിക്ഷേപിച്ചതിലല്ല, സമൂഹത്തെയാകെ അപമാനിച്ചതിനാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതുവരെ അദ്ദേഹത്തിനെതിരെ ആക്രമണം തുടരുമെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതായി കേന്ദ്രമന്ത്രി ആരോപിച്ചു.
