പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇരവുകാട് വാർഡ് സ്വദേശിയായ ഷിജു (49) ആണ് സംഭവത്തിൽ പിടിയിലായത്.
മുൻപും സമാനമായ കേസിൽ പ്രതിയായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വിൽപന തുടർന്നത്. ഒരു വിദ്യാർത്ഥിയുടെ വീട്ടിലെ ശുചിമുറിയിൽ നിന്ന് പുകയില ഉൽപ്പന്നത്തിന്റെ കവർ കണ്ടെത്തിയതിനെത്തുടർന്ന് മാതാവ് നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണ്ണായക നടപടി.
തിരുവമ്പാടി കള്ളുഷാപ്പിന് സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ നടത്തിയ പരിശോധനയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിരവധി പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. വിദ്യാർത്ഥിയുടെ സഹപാഠിയുടെ പിതാവ് കൂടിയായ പ്രതി, കുട്ടികളെ കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ മറ്റ് കടകളിലും പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.
