തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ പത്ത് ദിവസം മാത്രം ശേഷിക്കെ ശബരിമല സ്വർണക്കൊള്ള വീണ്ടും ഉയർത്തി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേസിൽ നടപടിയെടുക്കാൻ സിപിഐഎമ്മിന് ഭയമാണെന്ന് സതീശൻ പറഞ്ഞു. സ്വർണക്കൊള്ളക്കേസിലെ പ്രതികളെ എൽഡിഎഫ് സംരക്ഷിക്കുന്നു. ഡെയ്‌ലി മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കണമെന്ന് വി ഡി സതീശൻ പറവൂരില്‍ പറഞ്ഞു.

അതോടൊപ്പം ഡീൽ ആരോപണവും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ആർഎസ്എസ് നേതാക്കളെ ആദ്യം കണ്ടത് സിപിഐഎമ്മെന്നും വിമർശനം ഉയർത്തി. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആർഎസ്എസ് സഹായം നേടിയവരാണ്. ഇക്കാര്യം അവർ തന്നെ സമ്മതിക്കുന്ന ദൃശ്യങ്ങൾ ഉണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം സ്വീകരിച്ചില്ലെന്ന് സിഎം പറഞ്ഞു. തെളിവ് പുറത്ത് വിട്ടപ്പോൾ മാറ്റി പറഞ്ഞു. നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു.

വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രതികരണത്തിലും പ്രതിപക്ഷ നേതാവ് മറുപടി നൽകി. യുഡിഎഫ് ജയിക്കുമെന്ന് വെള്ളാപ്പള്ളി സമ്മതിക്കുകയാണ്. അതുകൊണ്ട് ആണല്ലോ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. 90 വയസുള്ള മനുഷ്യനാണ് തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *