ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) ഇന്‍ഡിഗോ എയര്‍ലൈന്‍സിനു പിഴ ചുമത്തിയത്.
ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തതില്‍ ഇന്‍ഡിഗോ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിജിസിഎ വ്യക്തമാക്കി.
അനുകമ്പയോടുള്ള ഇടപെടല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമായിരുന്നെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കാമായിരുന്നു. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ വളരെ സൂക്ഷമതയോടെയാണ് ഇടപെടേണ്ടിയിരുന്നതെന്നും എന്നാല്‍ സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മേയ് ഏഴിനാണ് റാഞ്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. കുട്ടി പരിഭ്രാന്തിയിലായതിനാല്‍ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇന്‍ഡിഗോയുടെ നിലപാട്. കുടുംബവും മറ്റു യാത്രക്കാരും എതിര്‍ത്തപ്പോള്‍ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. സഹയാത്രിക മനീഷ ഗുപ്തയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്.