കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത് ഏകദേശം 34,000 ടണ്‍ കടല്‍പ്പായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പ്പായല്‍ കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24,167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉത്പാദനം സാധ്യമാണ്. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സി.എം.എഫ്.ആര്‍.ഐ.യില്‍ നടന്ന ദേശീയ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തിലെ കടല്‍പ്പായല്‍ ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണ്. 2022ല്‍ ഇതുവരെ 350 ലക്ഷം ടണ്ണാണ് ആഗോള ഉത്പാദനം. ഇത് കൂട്ടാന്‍ എല്ലാവിധ ശ്രമങ്ങളുമുണ്ട്. 2025ഓടെ പ്രതിവര്‍ഷം 11.42 ലക്ഷം ടണ്‍ കടല്‍പ്പായല്‍ ഉത്പാദനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൂടുകൃഷിയോടൊപ്പം കടല്‍പായല്‍ കൂടി കൃഷി ചെയ്യാവുന്ന സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച സംയോജിത സാങ്കേതികവിദ്യയായ ഇംറ്റ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാങ്കേതികവിദ്യ കടല്‍പായല്‍ കൃഷി ജനകീയമാക്കാന്‍ സഹായിക്കും.

ഇതിനു പുറമെ, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വാതകങ്ങളുടെ അളവ് നിയന്ത്രിക്കാനും കടല്‍പായല്‍ കൃഷിയിലൂടെ സാധ്യമാണ്. നിലവിലെ കാലിത്തീറ്റകള്‍ക്ക് പകരമായി കടല്‍പായല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ക്ഷീരകൃഷിയിലൂടെയുള്ള കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളല്‍ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ ആറായിരത്തോളം സ്ത്രീകള്‍ കക്ക-കല്ലുമ്മക്കായ-കടല്‍മുരിങ്ങ കൃഷിചെയ്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്വാ അഗ്രോ പ്രൊസസിങ് മാനേജിങ് ഡയറക്ടര്‍ അഭിരാം സേത്ത്, ഓസ്‌ട്രേലിയയിലെ അക്വാ കള്‍ച്ചര്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. ബ്രയന്‍ റോബര്‍ട്സ്, ദുബായ് അക്വേറിയം ക്യൂററ്റോറിയല്‍ സൂപ്പര്‍വൈസര്‍ അരുണ്‍ അലോഷ്യസ്, ഡോ.പി. ലക്ഷ്മിലത, ഡോ.വി.വി.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *