യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സാക്കിര്‍, ഷെഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു.

ഉച്ചയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് നിഗമനം. കര്‍ണാടക പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതക സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് ഇവരാണ്. നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍ണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായവരെ ഉടനെ കോടതിയില്‍ ഹാജരാക്കും.

പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. കേരള രജിസ്‌ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയില്‍ എടുത്തത്. കേരളാ രജിസ്‌ട്രേഷന്‍ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *