ഹൈദരാബദ്: റെക്കോർഡുകൾ ഭേദിച്ച് തെലങ്കാനയിൽ ആഞ്ഞടിച്ച മഴയിൽ ആറുമരണം. ഇടവിടാതുള്ള മഴ വെള്ളപ്പൊക്കത്തിനു കാരണമായി. കനത്ത മഴയിൽ റോഡുകള്‍ക്കു കേടുപാടുണ്ടായി. വിളകൾ നശിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണു കനത്തമഴ.

മുളഗു, ബുപാൽപാലി ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിനു കാരണം ബുധനാഴ്ചയുണ്ടായ മേഘവിസ്ഫോടനമാണ്. വീടുകൾ വെള്ളത്തിൽ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മഴക്കെടുതിയെ തുടർന്നു നൂറുകണക്കിനു പേരെ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും സുരക്ഷിതമായി രക്ഷിച്ചു.

മഴയുടെ തീവ്രത ഇന്നു കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ മഴക്കെടുതിയെ തുടർന്നുള്ള ദുരിതത്തിനു ശമനമില്ല. തലസ്ഥാനമായ ഹൈദരാബാദിൽ ഇന്നലെ വൈകുന്നേരം മുതൽ മഴമാറിയ നിലയിലാണ്.

എന്നാൽ വാറങ്കലിൽ വെള്ളപ്പൊക്കമുണ്ടായി. 50 പേരെയാണു വാറങ്കലിൽനിന്നും രക്ഷിച്ചത്. മഴക്കെടുതി രൂക്ഷമായ ജില്ലകളിൽനിന്നും പതിനായിരം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. തെലങ്കാനയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടു കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു.

‘‘രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും അമിത് ഷാ വാഗ്ദാനം ചെയ്തു. രണ്ട് ഹെലികോപ്റ്ററുകളെയും അഞ്ച് എൻഡിആർഎഫ് സംഘങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്’’–ജി. കിഷൻ റെ‍ഡ്‍‍ഡി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *