ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് വൃക്ഷത്തൈ കൈമാറല്‍ പരിപാടിയുമായി ഹരിതകേരളം മിഷന്‍. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന സന്ദേശത്തില്‍ ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ‘ചങ്ങാതിക്കൊരു തൈ’ പരിപാടി സംഘടിപ്പിക്കുന്നത്.
സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈകള്‍ പരസ്പരം കൈമാറുകയാണ് പരിപാടിയിലൂടെ ചെയ്യുക. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും അന്ന് തൈകള്‍ നടും. പുതിയ നിരവധി പച്ചത്തുരുത്തുകള്‍ക്കും അന്ന് തുടക്കം കുറിക്കും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി. ചങ്ങാതിയുടെ പേരില്‍ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശവും കുട്ടികളിലെത്തിക്കും.

2025 സെപ്റ്റംബര്‍ 30നകം ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം ക്യാമ്പയിന്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനകം 21 ലക്ഷത്തിലധികം തൈകള്‍ നട്ടുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, മഹാത്മാഗാന്ധി ദേശീയ-ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തില്‍ വ്യാപകമായി വൃക്ഷത്തൈ ഉല്‍പാദനവും ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *