തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തിൽ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ആശങ്കയിൽ. സാധാരണയായി പാറമടകളിലെയും കുളങ്ങളിലെയും രക്ഷാപ്രവർത്തനങ്ങൾക്ക് ഫയർഫോഴ്‌സ് സ്‌കൂബ ഡൈവേഴ്‌സാണ് ഇറങ്ങാറ്. എന്നാൽ അത്തരം സ്ഥലങ്ങളിൽ അമീബയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഫയർഫോഴ്സിൻ്റെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നതിൽ ബദൽ മാർഗം തേടാൻ സ്‌കൂബാ ഡൈവേഴ്‌സിന് ടെക്‌നിക്കൽ ഡയറക്ടർ നിർദേശം നൽകിയെങ്കിലും എന്താണ് ബദൽ മാർഗ്ഗങ്ങളെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതിനാൽ, ഫയർ സർവീസ് അസോസിയേഷൻ ഫയർഫോഴ്‌സ് മേധാവിക്ക് കത്തയച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ, ജില്ലാ ഓഫീസർമാരും റീജണൽ ഓഫീസർമാരും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രഹസ്യ സ്വഭാവത്തിലുള്ള ഒരു നിർദേശം ടെക്‌നിക്കൽ ഡയറക്ടർ നൽകിയിട്ടുണ്ട്.

നിലവിൽ, കേരളത്തിൽ വളരെ പരിമിതമായ സ്ഥലങ്ങളിൽ മാത്രമാണ് അണ്ടർ വാട്ടർ ക്യാമറ സൗകര്യമുള്ളത്. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ‘പാതാളക്കരണ്ടി’യാണ് മറ്റൊരു ബദൽ മാർഗമായി പരിഗണിക്കുന്നത്. കോവിഡ് സമയത്ത് നൽകിയത് പോലെ കൃത്യമായ മാർഗനിർദേശങ്ങൾ ആവശ്യമാണെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *