മഹാരാഷ്ട്രയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് ഉദ്ധവ് താക്കറെ. 2024 ലെ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് മോഷണ തെളിവുകൾ നിരത്തി ശിവസേന താക്കറെ പക്ഷം രംഗത്തെത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയാണ് ഈ ആരോപണങ്ങൾക്ക് പുറകിലെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.

മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ ഉണ്ടെന്ന് താക്കറെ ആരോപിച്ചു. വോട്ടർ പട്ടികയിലെ പൊരുത്തക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും താക്കറെ ആവശ്യപ്പെട്ടു. വോട്ടർ പട്ടിക തിരുത്തുന്നതുവരെ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും താക്കറെ മുന്നറിയിപ്പ് നൽകി.

വ്യാജ വോട്ടർമാരെ കണ്ടെത്താൻ മേഖലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർപെടുത്താൻ ഗൂഢാലോചന നടത്തുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

സ്വയം പ്രഖ്യാപിത ദേശസ്നേഹികളുടെ ഒരു വ്യാജ സംഘമായി ബിജെപി മാറിയിരിക്കുന്നുവെന്നും തുറന്നടിച്ച താക്കറെ അമിത് ഷായെ ‘അനക്കോണ്ട’യോട് താരതമ്യം ചെയ്തും രൂക്ഷമായി വിമർശിച്ചു. മുംബൈയിലെ ബിജെപിയുടെ പുതിയ ഓഫീസിന്റെ ഭൂമിപൂജക്കായി അമിത് ഷാ വന്നതും, ബൈക്കുള മൃഗശാലയിൽ ഒരു അനക്കോണ്ട എത്തിയതും താരതമ്യം ചെയ്തായിരുന്നു താക്കറെയുടെ വിമർശനം. അനക്കോണ്ട എല്ലാം വിഴുങ്ങുന്ന ജീവിയാണെന്നും കൂട്ടിച്ചേർത്തു.

അതെസമയം, വർളിയിൽ 19,333 വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്ന് ആദിത്യ താക്കറെ കണക്കുകൾ നിരത്തി തുറന്നു കാട്ടി. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ പ്രദേശങ്ങളിലെ വോട്ടർ പട്ടിക വിശദമായി പരിശോധിക്കുകയും സമാനമായ പൊരുത്തക്കേടുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ആദിത്യ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *