സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. മഹാരാഷ്ട്ര വനിതാ കമ്മീഷൻ അയച്ച നോട്ടീസിനു മറുപടി ആയാണ് ബാബ രാംദേവിൻ്റെ മാപ്പപേക്ഷ. സ്ത്രീവിരുദ്ധ പരാമർശത്തിൽ 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ കമ്മീഷൻ ബാബ രാംദേവിനു നോട്ടീസയച്ചത്. ഇതിനു മറുപടി ലഭിച്ചതായി കമ്മീഷൻ അധ്യക്ഷ രുപാലി ചകങ്കാർ അറിയിച്ചു.

പരാമർശം നടത്താൻ ഇടയായതിൽ ഖേദമുണ്ടെന്നും മാപ്പപേക്ഷിക്കുന്നതായും രാംദേവ് വിശദീകരണത്തിൽ പറയുന്നു. എന്നാൽ, തന്റെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വാർത്തയാക്കിയതാണെന്നും രാദേവ് കുറ്റപ്പെടുത്തുന്നു. അതേസമയം, നോട്ടീസിനു മറുപടി ലഭിച്ചെങ്കിലും ആരെങ്കിലും പരാതിപ്പെട്ടാൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

താനെയിലെ യോഗ ട്രെയിനിങ് ക്യാംപിൽ വച്ചായിരുന്നു രാംദേവിന്റെ വിവാദ പരാമർശം. സ്ത്രീകൾ സാരിയിൽ സുന്ദരികളാണ്, സൽവാറിലും അവരെ കാണാൻ ഭംഗിയുണ്ട്, ഒന്നും ഉടുത്തില്ലെങ്കിലും മനോഹരമാണ് എന്നായിരുന്നു രാംദേവിന്റെ വാക്കുകൾ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ഭാര്യ അമൃത ഫഡ്നാവിസ് കൂടി പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു രാംദേവിൻ്റെ വിവാദ പരാമർശം. രാംദേവിനൊപ്പം അമൃത ഫഡ്നാവിസും വേദിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *