തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എക്സൈസും ഡാൻസാഫ് സംഘവും നടത്തിയ റെയ്ഡുകളിൽ വൻ ലഹരി ശേഖരം പിടികൂടി. മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശിയായ ഒരാളെ ആറ്റിങ്ങലിൽ വെച്ച് പിടികൂടി.
ആറ്റിങ്ങൽ അവനവഞ്ചേരി കൈപ്പറ്റിമുക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഷാജഹാൻ അലിയാണ് (40) എക്സൈസ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് ഹെറോയിൻ എത്തിച്ച് ആവശ്യക്കാർക്ക് നൽകുന്ന രീതിയായിരുന്നു ഇയാളുടേത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആറ് ഡപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിൻ പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതിയെ ചിറയിൻകീഴ് റേഞ്ച് ഓഫീസിന് കൈമാറി. കൂടുതൽ പ്രതികളുണ്ടോ എന്നറിയാൻ അന്വേഷണം തുടരും.
