ന്യൂഡല്‍ഹി; ആയുധ ഇടപാടുകാരനും ലണ്ടന്‍ പൗരനുമായ പിടികിട്ടാപ്പുള്ളി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും പേര് ഉള്‍പ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ പേര് നേരത്തെ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രിയങ്കയുടെ പേര് ആദ്യമായാണ് പരാമര്‍ശിക്കുന്നത്.
ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്വയില്‍ നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയ്ക്കും പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്വയില്‍നിന്ന് അഞ്ചേക്കര്‍ വാങ്ങിയതിന് പുറമേ, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് 40.08 ഏക്കറോളം വരുന്ന ഭൂമി 2005- 06 കാലത്ത് വാങ്ങുകയും 2010-ല്‍ അയാള്‍ക്കു തന്നെ ഇത് വില്‍ക്കുകയും ചെയ്തു. ഇയാള്‍ എന്‍ആര്‍ഐ വ്യവസായി സി സി തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.