ന്യൂഡല്‍ഹി: ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു.
ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് 2022ല്‍ ഖത്തര്‍ തടവിലാക്കിയത്.
തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാഗേഷ്, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ ‘ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍.